2011ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
2011ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച ബാലസാഹിത്യകാരരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി 10 വിഭാഗങ്ങളിലായി ബാലസാഹിത്യ പുരസ്കാരങ്ങള്‍ എല്ലാ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിവരുന്നു. മലയാളത്തിലെ ബാലസാഹിത്യശാഖയുടെ പോഷണത്തിനായി ബൃഹത്തായ പുരസ്കാര സംവിധമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കവിത, നാടകം, കഥ’നോവല്‍, ശാസ്ത്രം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷന്‍/ ഡിസൈന്‍ എന്നിങ്ങനെ 10 ബാലസാഹിത്യ ശാഖകളില്‍ ഓരോന്നിലെയും ഏറ്റവും മികച്ച മലയാളകൃതിക്കാണ് വര്‍ഷം തോറും അവാര്‍ഡ് നല്‍കിവരുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് പുരസ്കാരം. ഇതു കൂടാതെ സമഗ്രസംഭാവനയ്ക്കുള്ള 50,000 രൂപയുടെ പുരസ്കാരവും വര്‍ഷംതോറും നല്‍കുന്നുണ്ട്.
2006 മുതല്‍ 2010 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളില്‍ നിന്നും 122എണ്ണമാണ് 10 വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ക്കായി പരിഗണിച്ചത്.
പുരസ്കൃതര്‍
ശ്രീ ശ്രീധരനുണ്ണി രചിച്ച 'മഞ്ഞക്കിളികള്‍' ആണ് മികച്ച കവിതയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹമായത്. ബാലസാഹിതീ പ്രകാശന് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തില്‍, ശൈശവത്തിന്റെ നിഷ്കളങ്കതയും ബാല്യത്തിന്റെ നൈര്‍മല്യവും കോര്‍ത്തിണക്കിയ 34 കവിതകളാണുള്ളത്.
മികച്ച നാടകത്തിനുള്ള ഏബ്രഹാം ജോസഫ് പുരസ്കാരത്തിന് ശ്രീ കീഴാര്‍ മുരളിയെ അര്‍ഹനാക്കിയത് 'അംബേദ്കര്‍' എന്ന നാടകമാണ്. ഇന്ത്യന്‍ ഭരണഘടനാശില്പിയായ ഡോ.ബി.ആര് അംബേദ്കറുടെ ജീവചരിത്രത്തെ ആസ്പദമാക്കി രചിച്ച ഈ കൃതിയുടെ പ്രസാധകര് ചിന്ത പബ്ലിഷേഴ്സ് ആണ്.
ബാല്യകാല സ്മരണകള്‍ ഉണര്‍ത്തുന്ന മനോഹരങ്ങളായ സംഭവപരമ്പരകള്‍ നിറഞ്ഞ 'അങ്ങനെ ഒരു മാമ്പഴക്കാലം' എന്ന കൃതി രചിച്ച ശ്രീ അജോയ്കുമാര്‍ എം.എസിനാണ് പുരസ്കാരം ലഭിച്ചത്. പരിധി പബ്ലിക്കേഷന്‍ ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.
ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'ബഹിരാകാശത്തേക്കൊരു യാത്ര' എന്ന കൃതിയാണ് ശ്രീ. ജി.എസ് ഉണ്ണിക്കൃഷ്ണന് നായരെ ശാസ്ത്രവിഭാഗത്തിലെ മികച്ച പുസ്തകത്തിനുള്ള പി.ടി ഭാസ്കരപ്പണിക്കര് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സൗരയൂഥങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമിടയിലൂടെ പറന്നു നടക്കുക എന്നത് ഒരുകാലത്തു നമുക്കു സ്വപ്നം മാത്രമായിരുന്നു. ആ സ്വപ്നസാക്ഷാത്കാരത്തെക്കുറിച്ചാണ് ഈ കൃതിയിലൂടെ ശ്രീ. ജി. എസ്. ഉണ്ണിക്കൃഷ്ണന് നായര്‍ പ്രതിപാദിക്കുന്നത്.
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'അന്യം നിന്ന ജീവികള്‍' എന്ന കൃതിയാണ് ശ്രീമതി എസ് ശാന്തിയെ വൈജ്ഞാനിക വിഭാഗത്തിനുള്ള പുരസ്കാരത്തിനര്‍ഹയാക്കിയത്. ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാവുന്ന ജീവിവര്‍ഗങ്ങളെക്കുറിച്ചുള്ള വിവരണവും അവയെ രക്ഷിക്കണമെന്ന ഒരു ആഹ്വാനവുമാണ് ഈ കൃതി.
നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ പൊരുതി, അവരെ ആധുനിക ജീവിതത്തിലേക്കു നയിച്ച 'വി.ടി. ഭട്ടതിരിപ്പാടി'ന്റെ ജീവചരിത്രം തയ്യാറാക്കിയ ശ്രീ നീലനാണ് ജീവചരിത്ര വിഭാഗത്തിനുള്ള പുരസ്കാരം ലഭിച്ചത്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ലോകബാലകഥകള്‍' എന്ന കൃതിയാണ് ഡോ. കെ. ശ്രീകുമാറിന് മികച്ച പുനരാഖ്യാനത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്. ലോകമെമ്പാടുമുള്ള നിരവധി കുട്ടികളെ വളരെയേറെ ആകര്‍ഷിച്ച 25 ബാലകഥകളുടെ സ്വതന്ത്ര പുനരാഖ്യാനമാണ് ഇത്.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച് ശ്രീമതി ജെ ദേവിക പുനരാവിഷ്കരിച്ച
'മാടപ്രാവിന്റെ മുട്ട കളഞ്ഞുപോയ കഥ' എന്ന പുസ്തകത്തിന്റെ ചിത്രീകരണം നിര്‍വഹിച്ച
ശ്രീ കെ.പി. മുരളീധരനാണ് ചിത്രീകരണ വിഭാഗത്തിനുള്ള പുരസ്കാരം ലഭിച്ചത്.
ശ്രീ.കെ.ബി. ജനാര്ദ്ദനന് പുനരാഖ്യാനം ചെയ്ത 'ആനയും തയ്യല്‍ക്കാരനും' എന്ന പുസ്തകമാണ് മികച്ച ചിത്രപുസ്തകമായി തെരഞ്ഞടുത്തത്. ഈ ചിത്രപുസ്തകം തയ്യാറാക്കിയതിനാണ് ശ്രീ. ദേവപ്രകാശ് പുരസ്കാരത്തിന് അര്‍ഹനായത്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ആണ് പ്രസാധകര്.
മികച്ച പ്രൊഡക്ഷന്‍/ഡിസൈന്‍ വിഭാഗത്തിലെ പുരസ്കാരം ലഭിച്ചത് സി.സുശാന്ത് രചിച്ച 'കേരളത്തിലെ സാധാരണ പക്ഷികള്‍' എന്ന കൃതിയാണ്. പക്ഷിനിരീക്ഷണത്തെക്കുറിച്ചുള്ള ഈ ഫീല്ഡ്ഗൈഡ് പ്രസിദ്ധീകരിച്ചത് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ആണ്.
ഈ മാസം 11-ാം തീയതി കോട്ടയം ദര്‍ശന ആഡിറ്റോറിയത്തില്‍വച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന 150 പുസ്തകങ്ങളുടെ പ്രകാശനത്തോടൊപ്പം പുരസ്കാര സമര്‍പ്പണം നടക്കും. ബഹു. ധനകാര്യമന്ത്രി കെ.എം.മാണിയാണ് പുരസ്കാര സമര്‍പ്പണം നടത്തുന്നത്.
Comments
Post a Comment